Wednesday, December 22, 2010

"മൂകാംബികയില്‍ പോയാലോ ?"



ഉച്ചക്ക് ഓ.പി.യിലെ തിരക്ക് കഴിഞ്ഞു മാതൃഭൂമി വായിക്കനെടുത്തപ്പോഴാണ് ഫോണില്‍ കരടെന്ന പ്രശാന്തിന്‍റെ  മെസേജ് "മൂകാംബികയില്‍ പോയാലോ ?" അറിയാതെ ചിരിച്ചു പോയി.ഇതിനു മുന്‍പ് ഈ  ചോദ്യം ഞാന്‍ കേട്ടത് 3  വര്‍ഷം മുന്‍പുള്ള ഒരു ഡിസംബര്‍ മാസത്തിലാണ്പയ്യന്നൂരില്‍ വെച്ച്. ദാരിദ്ര്യ വിലാസം എന്ന് ഞങ്ങളുടെ കൂട്ടുകാര്‍ പേരിട്ട ഞങ്ങളുടെ വാടക വീട്ടില്‍ വെച്ച്.പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഒരു വൈകീട്ട്. പതിവുപോലെ കട്ടന്‍ചായയും ഗോസിപ്പുകളുമായി ഇരിക്കുന്ന ഞങ്ങളോട് കരടിന്‍റെ ചോദ്യം "മൂകാംബികയില്‍ പോയാല്ലോ ?" ഇങ്ങനെ ഇരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വെളിപാടുകള്‍ ഉണ്ടാവുക എന്നത് ആ കാലത്ത് സ്ഥിരം ഒരേര്‍പ്പാടയിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനുംഅച്ചായന്‍ എന്ന  ബിജുമോന്‍ , ടുട്ടുവെന്ന മനോജന്‍സന്ദീപ്‌സാഞ്ചോസതീശന്‍  കഞ്ഞിക്കുഴിയും ഒക്കെ ചേര്‍ന്ന ഒരു സംഘത്തിനോടാണ്  ഈ ചോദ്യം. പഞ്ചസാര മേടിക്കാന്‍ പൈസയില്ലത്തതുകൊണ്ട് മധുരം ഇല്ലാത്തൊരു ചായയും കുടിച്ചുകൊണ്ടാണ് അവനീ ചോദിക്കുന്നത്.പബ്ലിക്ക് സ്പീക്കിങ്ങിന്‍റെ ട്രെയിനിംഗ് കഴിഞ്ഞതുകൊണ്ടാണോ എന്നറിയില്ല കരട് ഒരു എം.ബി.എ ക്കാരനെക്കാള്‍ നന്നായി സംസാരിച്ചു."മധുര മനോഹരമായ മൂകാംബിക.......ആഹാ......."

ഫീല്‍ഡ് വര്‍ക്ക്റിപ്പോര്‍ട്ട്സൈന്‍മെന്‍റ്  അങ്ങനെ നൂറുകൂട്ടം പരിപാടികള്‍ മാറ്റി വെച്ചാണ്‌ ചുമ്മാ കുത്തിയിരുന്നു ലാത്തിയടിക്കുന്നത്.ടൂര്‍ പോകുക എന്നുള്ളത് ഈയിടെയായി ജീവിതച്ചര്യയുടെ ഭാഗമായികഴിഞ്ഞിരുന്നു.എല്ലാവരും ത്രില്‍ ആയി ഇരിക്കുകയാണ്.മൂകാംബികയുടെ അടുത്ത് കുടജാദ്രി എന്ന മലയുണ്ടെന്നും ട്രെക്ക് ചെയ്തു മുകളില്‍ കയറിയാല്‍ നല്ല മനോഹരമായ സ്ഥലങ്ങള്‍ കാണാമെന്നും സന്ദീപ്‌ പറഞ്ഞു കേട്ടപ്പോള്‍ നിരീശ്വരവാദി ആണെന്ന് അവകാശപ്പെടുന്ന ടുട്ടുവിനുംവിശ്വാസിയോ അവിശ്വാസിയോ അല്ലാത്ത എനിക്കും നസ്രാണിയായ അച്ചായനും കൂടുതല്‍ താല്‍പ്പര്യമായി.
പോകാനുള്ള വഴി സന്ദീപ്‌ പറഞ്ഞു തന്നു. വളരെ എളുപ്പം. നേരെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അവിടുന്നു മംഗലാപുരംകുന്തപുരംമൂകാംബിക....ദാ എന്ന് പറയുന്നതിന് മുന്‍പ് മൂകാംബിക എത്തി. അതുവരെ മിണ്ടാതിരുന്ന സാഞ്ചോ ആണ് അപ്പോള്‍ അത് ചോദിച്ചത്"എത്ര രൂപ ആകും പോയി വരാന്‍ ?" എല്ലാവരും ഒരുപോലെ ഞെട്ടി.  അപ്പോഴാണ് ആ കാര്യം ഓര്‍ത്തത്‌.കൈയ്യില്‍ 100 രൂപ തികച്ചില്ല  ആരുടെ കയ്യിലും. വീട്ടില്‍ നിന്ന് മേടിച്ചതെല്ലാം ഫീല്‍ഡ് വര്‍ക്കിനു ചിലവായി.  ചിലവിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ തന്നെ ടൂര്‍ എന്ന മോഹം കയറെടുത്തു.കാലിയായ ഗ്ലാസ് കയ്യില്‍ തന്നെ വെച്ച് ചിന്തിച്ചിരുന്നപ്പോഴാ കരടിന്‍റെ വക വീണ്ടും ഗോള്‍..."ചിലവു ഒരു വിഷയമാകില്ല.പോയി വരാന്‍ 36 രൂപ മതി "വിശ്വാസം വാരാത്തപോലെ എല്ലാവരുടെയും കണ്ണുകള്‍ കരടിലേക്ക്.....കരട് വിശദീകരിച്ചു "അതെ മംഗലാപുരം വരെ പാസഞ്ചറില്‍ 7 രൂപ.അവിടുന്നു ലോക്കല്‍ ട്രെയിനില്‍ 7 രൂപ കുന്തപുരത്തെക്ക് പിന്നെ  ബസ്സില്‍ 4 രൂപ മൂകാംബികയിലേക്ക്. അവിടുന്നു പിന്നെ നമ്മള്‍ നടന്നാണല്ലോ കുടജാദ്രിയില്‍ പോകുന്നത് അപ്പൊ അതിനു ചിലവില്ല.മൂകാംബികയില്‍ പ്രസാദ ഊട്ടുണ്ടത്രെ...അതുകൊണ്ട് ഭക്ഷണത്തിനു മുട്ടില്ല. ആകെ പോക്കുവരവിനു 36 രൂപ." ടൂര്‍ മോഹം തൂങ്ങാന്‍ എടുത്ത കയറെടുത്ത്‌ ഊഞ്ഞാലാടി. എന്നാപിന്നെ  നാളെ രാവിലെ പാസഞ്ചര്‍....എല്ലാവരും തയ്യാറായി........
വാടക വീട്ടില്‍ നിന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നടക്കാനെ ഉള്ളൂ. പതിവുപോലെ മൂന്നാം ലോകം റെഡി...ഞങ്ങളെ  കാത്തു നില്‍ക്കുന്നു.ഞാന്‍ ബാത്‌റൂമില്‍ പാട്ട് പാടികൊണ്ടിരിക്കുന്നു. ഇനിയും വന്നില്ലെങ്കില്‍ എന്നെ കൊണ്ട് പോകില്ലെന്ന് സതീശന്‍..എടുക്കാനുള്ളതെല്ലാം വാരിക്കെട്ടിയെടുത് ഞാന്‍ ഓടി..സതീശനും സന്ദീപുമൊക്കെ നേരത്തെ ഇറങ്ങി.."പാം..പാം"...ഒഹ്..അച്ചായന്‍ കൂട്ടുണ്ട്. പതിവുപോലെ ടുട്ടുവിന്‍റെ വഹ ഉപദേശം "എടെങ്കിലും പോകുമ്പോ നേരത്തെ റെഡി ആയിക്കൂടെ ചങ്ങായീ....?" ഉം..എത്ര കേട്ടിരിക്കുന്നു എന്നിട്ട് ഞാന്‍ നന്നായോ ? എവിടെഇവന് വേറെ പണിയൊന്നും ഇല്ലേ എന്ന് മനസ്സില്‍  കരുതി എല്ലാവരുടെയും പുറകിലായി ഞാന്‍  ഓടി.
റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ എത്താറായി എന്നുള്ള അനൌണ്‍സ്മെന്‍റ് . പാസഞ്ചറില്‍ കയറാന്‍ കുംഭമേളക്കുള്ള ആള്‍.സാഞ്ചോ പതിവുപോലെ ഡ്യൂട്ടി തുടങ്ങിയിരുന്നു .ആ റെയില്‍വേ സ്റ്റേഷനില്‍ എത്ര പെണ്‍കുട്ടികള്‍ ഉണ്ട് ? അവരില്‍ എത്രപേര്‍ കോളേജ് കുമാരിമാര്‍എത്രപേര്‍ വിവാഹിതര്‍എത്ര പേര്‍ അവിവാഹിതകള്‍തുടങ്ങിയ വിവരങ്ങളുടെ കമ്പ്ലീറ്റ്‌ ഡീടൈല്‍സ് അവനോടു ചോദിച്ചാ മതി...എടുത്തു കഴിഞ്ഞു.
ട്രെയിന്‍ വന്നുപ്രതീക്ഷിച്ച പോലെ കാലു കുത്താന്‍ സ്ഥലമില്ല.
കാസര്‍ഗോഡ്‌ കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി.പിന്നെ മംഗലാപുരം വരെ ലാത്തിയടിവായിനോട്ടം തുടങ്ങിയ കലാപരിപാടികള്‍....മംഗലാപുരത്തു നിന്നും പാസഞ്ചര്‍ ട്രെയിന്‍ കിട്ടുമെന്ന പ്രതീക്ഷ ചെന്നപ്പോ തന്നെ പോയി കിട്ടി.ട്രെയിന്‍ ഇപ്പോള്‍ ഇല്ല.മൂകാംബികയിലേക്ക് ഇനി ബസ്‌ പിടിക്കണം. 36 രൂപയുമായി മൂകാംബികയില്‍ പോകാന്‍ ഇറങ്ങിയതല്ലേ....എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം .ബസ്സെങ്കില്‍ ബസ്‌.....ബസ്‌ പിടിക്കാന്‍ വരിവരിയായി സ്കൂള്‍ കുട്ടികളെ  പോലെ സ്റ്റാന്‍റ്ലേക്ക്.ഭാഗ്യം  ബസ്സില്‍ സീറ്റ് ഉണ്ട്.പുറത്തെ കടകളുടെ കന്നഡ നെയിംബോര്‍ഡിലെ എഴുത്തുകള്‍ മനസ്സിലാകാതെ നോട്ടം പെണ്‍കുട്ടികളിലെക്കായി.അതൊക്കെ നമ്മള്‍ മലയാളികള്‍ തന്നെഎല്ലാവര്‍ക്കും വായിക്കാന്‍ ബോര്‍ഡ് എല്ലാം ഇംഗ്ലീഷ് മാത്രമേ എഴുതൂ.കന്നടിഗരുടെ ഭാഷാ സ്നേഹം കാരണം ഒരു വഹ മനസ്സിലാകുന്നില്ല.മൂകാംബികയില്‍ എത്തിയപ്പോഴേക്കും ഉച്ചയായി.എല്ലാവര്‍ക്കും വിശന്നു  തുടങ്ങി. പ്ലാന്‍ പ്രകാരം ഭക്ഷണമെല്ലാം അമ്പലത്തില്‍ നിന്നാണല്ലോ ."എനിക്ക് വിശക്കുന്നു, അമ്പലത്തില്‍ ഇനി എപ്പോ എത്താനാണ് ? എത്തിയാല്‍ തന്നെ ഈ സമയത്ത് ഭക്ഷണം കിട്ടുമോ ?" എന്നൊക്കെ ചോദിച്ചു ഞാന്‍ എല്ലാവരിലേക്കും വിശപ്പെത്തിച്ചു.വിശപ്പെന്ന  വികാരത്തെ അത്ര പെട്ടെന്ന് മെരുക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഞങ്ങള്‍ ആദ്യം കണ്ട ഹോട്ടലില്‍ എത്തി. അടുത്ത പ്രശ്നം ഭാഷ തന്നെ.വല്ലതും കേറി ഓര്‍ഡര്‍ ചെയ്തിട്ടു കൊടുക്കാന്‍ രൂപയില്ലെങ്കില്‍ അവസാനം പാത്രം കഴുകിയാല്‍ മതിയാകുമോ ആവോ ?കൂട്ടത്തിലെ കന്നഡ വിദ്വാന്‍ സന്ദീപ്‌ ഓര്‍ഡര്‍ ചെയ്തു "ഊട്ട ബേക്കു" അവന്‍റെ ഭാഷാവൈധഗദ്യത്തെ പുകഴ്ത്താന്‍ നില്‍ക്കാതെ എല്ലാവരും കൊണ്ടുവന്നത് മുഴുവന്‍ ആര്‍ത്തിയോടെ അകത്താക്കി.ഗംഭീര ടേസ്റ്റ് ആയതുകൊണ്ടല്ല ഇനിയിപ്പോ എപ്പോഴാ എന്താ കഴിക്കാന്‍ പറ്റുക എന്നറിയില്ലല്ലോ.അപ്പൊ ഇനി അടുത്ത പ്രശ്നം താമസം.അമ്പലത്തിനടുത്തുള്ള ഹോട്ടലായ ഹോട്ടലൊക്കെ കേറിയിറങ്ങി. ഇരുനില വീട്കാര്‍ പോര്‍ച്ച്, അറ്റാച്ച്ട് ബാത്ത്റൂം, 150 രൂപ എന്ന ഞങ്ങളുടെ (മോഹന്‍ലാല്‍ - ശ്രീനിവാസന്‍)  സ്റ്റാന്‍റ് കാരണം പെട്ടെന്നൊന്നും റൂം കിട്ടിയില്ല.ഇങ്ങനെ നടന്നാല്‍ കിട്ടുകയും ഇല്ല എന്ന് ഉറപ്പായപ്പോള്‍ രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ ഒരു തുക്കടാ ഹോട്ടലില്‍ കയറി.ആദ്യം തന്നെ "ഇല്ല" എന്ന് കടുപ്പിച്ചു പറഞ്ഞ ഹോട്ടലുകാരനെ ഡീല്‍ ചെയ്യാന്‍ ഞങ്ങള്‍ മനോജനെ ഇറക്കി.കുറച്ച് നേരം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചത് പോലെ  ഞങ്ങള്‍ ഏഴു പേര്‍ക്കും കൂടി ഒരു റൂം തന്നു.ബാഗ്‌ റൂമില്‍ വെച്ചു സതീശന്‍  ആദ്യം തന്നെ കുളിക്കാനായി ബാത്ത്റൂമില്‍ പോയി.ബാത്ത് റൂമിന്‍റെ വൃത്തി കണ്ടപ്പോള്‍ തന്നെ സതീശന്‍   മടങ്ങി വന്നു."ഇതിനൊക്കെ സൗകര്യം പുഴയാ അടുത്തു സൗപര്‍ണികയുണ്ട്" എന്ന് പറഞ്ഞു സന്ദീപ്‌ ഞങ്ങളുടെ നിരാശ മാറ്റി.നേരെ സൗപര്‍ണികയില്‍പോയി കുളിച്ചു. ഹോ നിര്‍വൃതി...ഉന്മേഷം...സന്തോഷം...എല്ലാ ക്ഷീണവും മാറി. ബാക്കി എല്ലാവരും നീന്തി തുടിച്ചപ്പോള്‍ തീരത്തോട് ചേര്‍ന്ന് കിടന്നു (ഇരുന്നു) ഞാനും കുളിച്ചു.കുറച്ചുനേരം കഴിഞ്ഞു തിരിച്ചു  റൂമിലേക്ക്‌ പോയി ഡ്രസ്സ്‌ മാറി വേഗം അമ്പലത്തിലേക്ക് പോയി.സീസണ്‍ അല്ലാത്തത്  കാരണം അത്ര തിരക്ക് ഉണ്ടായിരുന്നില്ല .വലിയ  ഭക്ത്തിയൊന്നും  ഇല്ലാതിരുന്നതുകൊണ്ട്‌ ഞാനും അച്ചായനും  ടുട്ടുവും   അവിടെ  ചുറ്റിത്തിരിഞ്ഞു  കാഴ്ച്ചകള്‍  കണ്ടുനിന്നു. സതീശനും  കരടും  സന്ദീപും ഭക്തിയുടെ  പാരമ്മ്യതയിലാണ്. സന്ധ്യക്ക്‌ അമ്പലത്തിലെ ചടങ്ങുകള്‍ വളരെ മനോഹരമായിരുന്നു. രഥം ഉരുട്ടലും മറ്റും. അതുകഴിഞ്ഞ് സര്‍ക്കീട്ട്...അവിടെയിവിടെ വായില്‍ നോക്കി നടന്നു. അപ്പോഴേക്കും വിശപ്പുമായി.കയ്യില്‍ ക്യാഷ് ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ച് സംശയം ഒന്നും ഉണ്ടായില്ല നേരെ ക്യുവിലേക്ക്. പ്രസാദം ആയതുകൊണ്ടാണോ ഞങ്ങളെ പോലെ ഭക്തി മൂത്തതുകൊണ്ടാണോ എന്നറിയില്ല ഒരു ലക്ഷം ആളുകള്‍ അവിടെ ഉണ്ടായിരുന്നു.നേരത്തെ അമ്പലത്തിന്റെ ഉള്ളില്‍ ഇത്രയും പേരെ ഞാന്‍ കണ്ടില്ല. ക്യു  വിന്‍റെ തുടക്കമോ ഒടുക്കമോ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ കുറെ പാടുപെട്ടു. അവസാനം വിശപ്പു സഹിക്കാന്‍ പറ്റാതായ ടുട്ടു തന്നെ അത് കണ്ടെത്തി. ഞങ്ങള്‍ അകത്തു കയറി .വിശാലമായ ഊട്ടുപുര.ഞങ്ങള്‍ നിരന്നിരുന്നു.ഒപ്പം കുറെ പിള്ളേരും.ഇത്തിരിപോന്ന ഇലയില്‍ ഒഴുകി നടക്കുന്ന എന്തോ ഒരു പ്രസാദം വിളമ്പി.കഴിച്ചു എന്ന് വരുത്തി ഞാന്‍ എണീറ്റു.നേരെ റൂമിലേക്ക്‌. വെടിവട്ടത്തിനു ശേഷം നന്നായി ഉറങ്ങി.
കുറെ നാളുകള്‍ക്കു ശേഷം ഒരു സൂര്യോദയം കണ്ടു. രാവിലെ തന്നെ പല്ല്തേച്ചു കുളിച്ചു റെഡി ആയി അമ്പലത്തില്‍ പോയി. കുടജാദ്രിയില്‍ പോകാമെന്നും പറഞ്ഞു വിളിച്ചു കൊണ്ടുവന്നിട്ടു ആളെ കളിയാക്കാനായി ഈ ഭക്ത്തന്‍മാര്‍ അമ്പലത്തില്‍ നിന്നും ഇറങ്ങുന്നില്ലല്ലോ എന്നോര്‍ത്തു കുറച്ചു നേരം കൂടി അവിടെ ചുറ്റി പറ്റി നിന്നു പിന്നെ ഒരു വിധം അവന്മാരെ ഇറക്കി ഞങ്ങള്‍ കുടജാദ്രിയിലേക്ക്...കുറച്ച് ദൂരം ബസ്സില്‍..ഏതോ ഒരു സ്ഥലമെത്തിയപ്പോള്‍ അവിടെ ഇറങ്ങാന്‍ കണ്ടക്ടര്‍ പറഞ്ഞു.അവിടെ നിന്നും ജീപ്പിനു പോണമത്രേ...വെറും 120 രൂപ മാത്രം. കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം...ആഹ്...വെറും 120 രൂപ മാത്രം...ഹോട്ടലിലെ ഭക്ഷണം, താമസം ആകെ കൂടി കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാ അതിന്‍റെ ഇടയിലാ ഒരു ജീപ്പ് യാത്ര. ഞങ്ങള്‍ കുറെ കയറിയതാ ജീപ്പില്‍, ബോറടിച്ചു അതുകൊണ്ട് നടക്കാന്‍ പോകുകയാ എന്ന് പറഞ്ഞു വെച്ചടിച്ചു കയറി.
കാട്ടുവഴിയില്‍ ഞങ്ങളെ കൂടാതെ ആരെയും കണ്ടില്ല. ഈ ഡിസംബര്‍ മാസം കയ്യില്‍ കാശുള്ള ആരും ആ വഴി നടന്നു പോകാറില്ല. ഡെയിലി നടക്കുന്ന വഴിയെന്നപോലെ യാതൊരു സംശയവും ഇല്ലാതെ  ഞങ്ങള്‍ നടന്നു... കാടിന്‍റെയും മലയുടെയും ഭംഗി ആസ്വദിച്ച്..വഴിയെങ്ങാന്‍ തെറ്റിയാല്‍ ചോദിയ്ക്കാന്‍ ഒരു മരപ്പട്ടിയെ പോലും കാണാനില്ല. കാട്ടിലൂടെ ആയത് കൊണ്ടാവണം ആരും അധികമൊന്നും ക്ഷീണിച്ചില്ല. പക്ഷെ  രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോഴേക്കും വിശന്നു . കാട്ടില്‍ എന്ത് കിട്ടാന്‍..വിശപ്പും സഹിച്ചു കുറെ നടന്നപ്പോള്‍ ഒരു ചെറിയ ചായക്കട. അതും കാടിന്‍റെ നടുവില്‍...ഒരു മലയാളിയാണ് അത് നടത്തുന്നതെന്ന് പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ. നല്ല ഒന്നാന്തിരം മലയാളി, പത്തനംതിട്ടക്കാരന്‍ ചേട്ടന്‍. ആവിപറക്കുന്ന പുട്ടും കറിയും കണ്ടപ്പോള്‍ കഴിക്കാതിരിക്കാന്‍ തോന്നിയില്ല. 36 രൂപയ്ക്ക് പുറമേ അടിയന്തിര സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തെടുക്കാന്‍ വെച്ച നൂറിന്‍റെ നോട്ടു പുറത്തിറക്കി. ആദ്യം ഭക്ഷണം, യാത്രയൊക്കെ പിന്നെ...വിശപ്പിന്‍റെ കാഠിന്ന്യം കൊണ്ടാണോ എന്നറിയില്ല ഭക്ഷണത്തിനു നല്ല ടേസ്റ്റ്...ഇര വിഴുങ്ങിയ സന്തോഷത്തോടെ പിന്നെയും യാത്ര.
കുടജാദ്രിയില്‍ എത്തിയപ്പോഴേക്കും ഒരു നേരമായി...വഴിയില്‍ നിറച്ചും അതിശയകരമായ കാഴ്ച്ചകള്‍ കാണുമ്പോള്‍ ഓരോയിടത്തും നിന്നു പോയതാണ്. അങ്ങനെ മല മുകളില്‍ എത്തി.. എഴുതി ഫലിപ്പിക്കാനാവാത്ത മനോഹാരിത പ്രകൃതിയുടെ കാന്‍വാസില്‍..ഒരുത്തന്‍റെ കയ്യിലും ഒരു മൊബൈല്‍ കാമറ പോലുമില്ല.ഈ കാഴ്ച്ചകള്‍ ഇനിയും കാണാനാകുമോ എന്നറിയില്ല.ഇതോടുകൂടി ഈ കാഴ്ചകള്‍ അവസാനിക്കുകയാണല്ലോ എന്ന് ദുഖത്തോടെ മനസ്സിലാക്കികൊണ്ട്‌ ഓരോന്നും ഞങ്ങള്‍ ആര്‍ത്തിയോടെ കണ്ടു. ചുറ്റും മഞ്ഞു പുതഞ്ഞു നില്‍ക്കുന്നു. മേഘങ്ങള്‍ ഞങ്ങളോട് ചേര്‍ന്ന് മുട്ടിയുരുമി നില്‍ക്കുന്നു. സ്വര്‍ഗത്തിന്‍റെ ഏറ്റവും അടുത്ത്...അപ്പോള്‍ അങ്ങിനെയാണ് തോന്നിയത്.കൊതിതീരാതെ ഞങ്ങള്‍ പ്രകൃതിയുടെ മനോഹാരിത ആവോളം കണ്ടു നിന്നു.
അവിടെ നിന്നും താഴെ ചെരുവിലൂടെ ഇറങ്ങിയാല്‍ പണ്ട് ശ്രീ ശങ്കരാചാര്യര്‍ തപസു ചെയ്ത സ്ഥലം കാണാം, ഒരു ചെറിയ ഗുഹ. അതിനടുത്ത് ഒരു വെള്ളച്ചാട്ടം.കൊച്ചിയിലെ ക്ലോറിന്‍ വാട്ടര്‍ കുടിച്ചു ശീലിച്ച എനിക്ക് സ്വപ്നം പോലും കാണാനാവാത്ത അത്ര പരിശുദ്ധിയോടു കൂടിയ വെള്ളം. അത് കുടിച്ചതോടെ അത് വരെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം പോയി. അത്രയും ഉയരം കൂടി ഇനിയും കയറാനുള്ള ഒരു ആവേശം, ഊര്‍ജം എല്ലാമായി. കുറച്ച് നേരം അവിടമെല്ലാം കണ്ടു നടന്നു. ജീപ്പിനു അവിടെയെത്തിയ കുറെ പേരെ അവിടെ കണ്ടു. മണ്ടന്മാര്‍ 120 രൂപ കളഞ്ഞു. നിങ്ങള്‍ കണ്ടോ കാടിന്‍റെ ഭംഗി, നിങ്ങള്‍ നടന്നോ കൊക്കകള്‍ക്ക് അരികിലൂടെ, നിങ്ങള്‍  കണ്ടോ വന്മരങ്ങള്‍, മലയാളിയുടെ ചായകട, നിങ്ങള്‍ കഴിച്ചോ  പുട്ടും കറിയും, എന്തിന് നിങ്ങള്‍ക്ക് കിട്ടിയോ അട്ടയുടെ കടി..ഇല്ലല്ലോ...? കളഞ്ഞില്ലേ ഈ യാത്രയുടെ സുഖം...
തിരിച്ചു മുകളിലേക്ക് കയറാന്‍ കുറച്ച് വിഷമം ആണ്. എല്ലാവരും ആയാസപ്പെട്ട്‌ കയറുകയാണ് അപ്പോഴാണ്‌ സാഞ്ചോ വിളിക്കുന്നത്‌. "ഡാ... എന്നെയും കൂടി കൊണ്ട് പോകു.." തിരിഞ്ഞു നോക്കുമ്പോള്‍ സാഞ്ചോ  നിന്നു കിതക്കുകയാണ്. അവനു കയറാന്‍ പറ്റുന്നില്ല."മനസിന്‌ ആഗ്രഹം ഉണ്ട്‌,  പക്ഷെ ശരീരം സമ്മതിക്കുന്നില്ലത്രെ" 90  കഴിഞ്ഞ അപ്പൂപ്പന്മാര്‍ പോലും പറയാത്ത വിധം അവന്‍ പറഞ്ഞു.ഒരു വിധം അവനെ വലിച്ചു കയറ്റി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അപ്പോഴാണ്‌ സമയം നോക്കിയത്. കാഴ്ച്ചകള്‍ കണ്ടു നടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. വൈകി, ഇനി മൂകാംബികക്കുള്ള അവസാന ബസ്‌ പിടിക്കണമെങ്കില്‍ പറക്കണം. താഴേക്കു ഇറങ്ങി തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പണിയായി മഴ പെയ്തു തുടങ്ങി.അതിലുമുണ്ടായിരുന്നു പ്രത്യേകത, ഞങ്ങള്‍ മുകളിലായിരുന്നതുകൊണ്ട് താഴെ മഴ പെയ്യുന്ന മനോഹരമായ കാഴ്ച്ച കാണാനും ഞങ്ങള്‍ക്ക് അവസരം കിട്ടി.അത് കൂടിയായപ്പോള്‍ പിന്നെ ഓടാതെ അവസാന ബസ് കിട്ടില്ലെന്ന് ഉറപ്പായി.അങ്ങിനെ ബസ് പിടിക്കാന്‍ മഴ അവഗണിച്ചു നനഞ്ഞു കുളിച്ചു ഞങ്ങള്‍ ഓട്ടമായി.അവസാനം ഞങ്ങള്‍ താഴെ എത്തി.ബസ് സ്റ്റോപ്പ്‌ വിടാനൊരുങ്ങിയിരുന്നു പക്ഷെ ഞങ്ങള്‍ ഓടി വരുന്നത് കണ്ടത് കൊണ്ട് ബസ് നിര്‍ത്തി ഞങ്ങളെ കയറ്റി. തല്ക്കാലം രക്ഷപെട്ടു. ഇനി എങ്ങിനെയെങ്കിലും നാട് പിടിക്കണം.
മൂകാംബികയില്‍ എത്തി നേരെ കുന്തപുരത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങി. അപ്പോഴാണ്‌ വിശപ്പു പിന്നെയും തല പൊക്കിയത്.കയ്യില്‍ ഇനി പയ്യന്നൂര്‍ വരെ പോകാനുള്ള ട്രെയിന്‍ ടിക്കറ്റിനുള്ള രൂപ മാത്രം ബാക്കി. അതുകൊണ്ട് വേറൊന്നും ആലോചിക്കാനില്ല, നേരെ പോയി ക്യു നില്‍ക്കുക പ്രസാദം കഴിക്കുക, ദാറ്റ്സ് ഓള്‍... തലേന്ന് കഴിച്ച കാര്യം ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് മടിയായി. "എനിക്ക് വേണ്ട,  നിങ്ങള്‍ പോയി കഴിച്ചിട്ടു വാ ഞാന്‍ വെയിറ്റ് ചെയ്യാം" മറ്റുള്ളവരോടായി പറഞ്ഞു. അവര്‍ വേഗം പോയി ഭക്ഷണം കഴിച്ചു പറഞ്ഞു. അപ്പോള്‍ ആ പ്രശ്നം തീര്‍ന്നു, ഇനി കുന്തപുരത്ത് എങ്ങിനെ എത്തും ? നയാ പൈസയില്ല കയ്യില്‍ എന്ന് പാട്ടും പാടിയിരുന്നിട്ടു കാര്യമില്ലല്ലോ അതുകൊണ്ട് 'നടരാജ്' ബസ് പിടിക്കാന്‍ തീരുമാനമായി. മൈല്‍സ് ടു ഗോ... 36 രൂപയുമായി മൂകാംബികയിലേക്ക് പോകാന്‍ തോന്നിയ നിമിഷത്തെ ശപിച്ച്കൊണ്ട് ഞങ്ങള്‍ ആഞ്ഞു നടന്നു. ഞാന്‍ ഒന്നുമറിഞ്ഞില്ലേ എന്നുള്ള മട്ടില്‍ കരട് മുന്നിലുണ്ട്, അവന്‍ കാരണം ചാടി പുറപ്പെട്ടതാ എന്നിട്ട് നടക്കുന്നത് കണ്ടില്ലേ, ആഹ് പിന്നെ ഞങ്ങളെ മാത്രം നടത്തുന്നതല്ലല്ലോ അവനും ഉണ്ടല്ലോ  അത് കൊണ്ട് തല്ലുന്നില്ല. ഇങ്ങനെ നടന്നാല്‍ എത്തുമെന്ന് തോന്നുന്നില്ല.ഒരു വണ്ടി വന്നു ഞങ്ങളെ റാഞ്ചി കൊണ്ട് പോയിരുന്നെങ്കില്‍............അതാ കിടക്കുന്നു അണ്ണന്‍ ലോറി ഒരെണ്ണം. പക്ഷെ കട്ടപുറത്താ ഒന്ന് കൈ വെക്കേണ്ടി വരും. പഞ്ചാബിയോട് കെഞ്ചണ്ടി വന്നില്ല.ദൈവദൂതന്‍ ഇങ്ങോട്ട് വന്നു കെഞ്ചി "ഹെല്‍പ്പ് കീജിയേ" ഒരു രണ്ടു കിലോ വെയിറ്റ് ഇട്ടു ഏതോ മഹത് കാര്യം ചെയ്യുന്നപോലെ വണ്ടി തള്ളി. ഭാഗ്യത്തിന് കൈ വെച്ചപ്പോള്‍ തന്നെ സ്റ്റാര്‍ട്ട്‌ ആയി. പിന്നെ കുന്തപുരത്ത് ആ ലോറിയില്‍ പോകുക എന്നുള്ളത് സ്വാഭാവികമായും ഞങ്ങളുടെ അവകാശം ആകുമല്ലോ..  അങ്ങിനെ ആ ലോറിയില്‍ കുന്തപുരത്തെത്തി. റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ വരവേറ്റത് മനോഹരമായ ഓടക്കുഴല്‍ വിളിയാണ്. ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്‍ മിസ്റ്റര്‍ അലസാണ്ട്രോ ഫ്രം ഇറ്റലി. കൂടെയുള്ള രാധ മിസിസ് മരിയന്ന. അലസാണ്ട്രോ അവിടെ ടീച്ചര്‍ ആണ് കൂട്ടുകാരി മരിയന്ന സോഷ്യല്‍ വര്‍ക്കറും, രണ്ടും കൂടി ഊര് ചുറ്റാനിങ്ങിയതാണ്. സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്‍സ് ആണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ താല്‍പ്പര്യമായി. പിന്നെ ഒരു വെടിക്കെട്ടായിരുന്നു, ചര്‍ച്ചകള്‍ അതിന്‍റെ പുറത്ത് ചര്‍ച്ചകള്‍...ഹോ..ഒന്നും പറയണ്ട, അവരെ കൊന്നു. അവരും വെടിവെപ്പില്‍ മോമല്ലാത്തത് കൊണ്ട് നല്ല രസമായിരുന്നു. അവര്‍ക്ക് ഞങ്ങളെ 'ക്ഷ' ബോധിച്ചു. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെയൊരു കമ്പനി കിട്ടിയില്ല എന്നാണു അവര്‍ പറഞ്ഞത്.എനിക്ക് വയ്യ..ഞങ്ങളെ സമ്മതിക്കണം.ഇന്ത്യയുടെ സാംസ്കാരിക , സാമ്പത്തിക , സാമൂഹിക സ്ഥിതിയെ പറ്റി ഒരു വിവരണം, ഇന്ത്യ- കാണേണ്ട കാഴ്ച്ചകള്‍, വിഭവങ്ങള്‍, തുടങ്ങി ഒരു രാത്രികൊണ്ട്‌ പറയാന്‍ പറ്റാവുന കാര്യങ്ങള്‍ മുഴുവനും ഞങ്ങള്‍ അവരെ പഠിപ്പിച്ചു. പോരാത്തതിന് ഗോഡ്സ് ഔണ്‍ കണ്ട്രിയിലെക്കൊരു ഫ്രീ ഇന്‍വിറ്റെഷനും എത്തിയാല്‍ ബന്ധപ്പെടേണ്ട നമ്പരും കൊടുത്തു. ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ കോരിത്തരിക്കുന്ന വേറൊരു ഇറ്റലിക്കാരനെയും നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല.ഇനി ഇന്ത്യന്‍ പ്രധാനമാന്ത്രിയെങ്ങാനും ആവാന്‍  ഈ ചങ്ങാതി ഉദ്ദേശിക്കുന്നുണ്ടോ എന്നറിയില്ല.വിദേശഭരണത്തിനു വളക്കൂറുള്ള  മണ്ണാണല്ലോ എന്നും ഇന്ത്യയുടേത്.എന്തായാലും  ഇന്ത്യയുടെ ഒരു ചെറിയ സെക്ഷന്‍ കാണാന്‍ കഴിയുന്നത്‌ ട്രെയിനിന്‍റെ ലോക്കല്‍ കമ്പാര്‍ട്ട്മെന്‍ടില്‍ ആണെന്ന് കേട്ടപാതി സായിപ്പ് റിസര്‍വേഷന്‍ കളഞ്ഞിട്ടു ഞങ്ങളോടൊപ്പം  ലോക്കലില്‍ ചാടി കയറി. ഇന്ത്യയുടെ സെക്ഷനുകള്‍ തിങ്ങി ഞെരുങ്ങി യാത്രചെയ്യുന്ന കാഴ്ച്ച്ചകണ്ട് അവര്‍ ഞെട്ടി.മുകളില്‍ ഉള്ള ലഗേജ് ബെര്‍ത്തില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന വ്യക്ത്തിയെ കാണിച്ചു ഇതാണോ അപ്പര്‍ ക്ലാസ് പീപ്പ്ള്‍ എന്ന് ചിരിച്ചുകൊണ്ട് സായ്പ്പ് ചോദിച്ചുപോയി. അതിഥി ദേവോ ഭവ: എന്ന ആപ്ത്തവാക്യം മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ആദ്യം കിട്ടിയ സീറ്റുകള്‍ അവര്‍ക്ക് കൊടുത്തു ഞങ്ങള്‍ നില്‍പ്പ് തുടങ്ങി. കാസര്‍ഗോഡ്‌ എത്താറായപ്പോള്‍ സീറ്റ് കിട്ടി. ഇറങ്ങാന്‍ നേരം വികാര നിര്‍ഭരമായ യാത്രയയപ്പ് അവര്‍ ഞങ്ങള്‍ക്ക് നല്‍കി, മെയില്‍ ഐഡി കള്‍ പരസ്പരം കൈമാറി, ഇനിവരുമ്പോള്‍ വിളിക്കാമെന്ന് ഉറപ്പു നല്‍കി അവര്‍ പിരിഞ്ഞു. ജീവിതത്തില്‍ ഇത്രയും അടുത്തു പെരുമാറിയ വിദേശികളെ വേറെ ഓര്‍ത്തെടുക്കാനാവുന്നില്ല. പയ്യന്നൂരില്‍ യാത്ര അവസാനിപ്പിക്കാതെ ട്രെയിന്‍ ചൂളം വിളിച്ചു പാഞ്ഞു പോയി.ഞങ്ങള്‍ റൂമിലേക്കും. അങ്ങിനെ ഒരു ജൈത്രയാത്ര ഇവിടെ അവസാനിക്കുന്നു. പോയിട്ട് വേണം അസൈന്‍മെന്‍റ് എഴുതാന്‍ രാവിലെ സബ്മിറ്റ് ചെയ്യേണ്ടതാണ്.
ഫോണ്‍ റിംഗ് ചെയ്ത ബ്ദം കേട്ടാണ് ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത് സന്ദീപാണ്, അവനും കിട്ടി കരടിന്‍റെ മെസ്സേജ്.തിരിച്ചു വിളിച്ചു "അപ്പോള്‍ നമ്മള്‍ പോകുന്നു, ഒരിക്കല്‍ കൂടി മൂകാംബികയിലേക്ക് അല്ലേ ? കരടിനോടു ചോദിക്കണം 36 രൂപ മതിയോ  എന്ന്. "
ഒരിക്കലും പ്രതീക്ഷിക്കാതെ കാലം ഞങ്ങളെ മൂകാംബികയിലും കുടജാദ്രിയിലും എത്തിച്ചു. ഓര്‍മ്മകളില്‍ നിന്നു മായിക്കാനാവാത്ത ദൃശ്യവിസ്മയങ്ങള്‍, അനുഭവങ്ങള്‍   പ്രകൃതി ഞങ്ങള്‍ക്ക് സമ്മാനിച്ചു, ഒന്ന് ഒപ്പിയെടുക്കാന്‍ പോലും സമ്മതിക്കാതെ.ഒരിക്കല്‍ കൂടി പോകാനൊരുങ്ങുന്നു. എന്തൊക്കെ ആയിരിക്കാം ഞങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്...കാലം തന്നെ മറുപടി പറയണം.......

2 comments:

  1. da....neeyum thudangiyo..? nannaayittundu..iniyum varaam

    ReplyDelete
  2. thnx da.......vaayichathil santhosham..........

    ReplyDelete